ബംഗളൂരു: ബംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് കരുതുന്ന സംഘത്തിലെ മുഖ്യകണ്ണി നിലവിൽ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് റിപ്പോർട്ട്. കർണാടകയിലെ സുൽത്താൻപാളയ സ്വദേശിയായ മുഹമ്മദ് ജുനൈദാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇയാൾ അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിൽനിന്നും ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നുവെന്നാണ് വിവരം. ഭീകരസംഘടനകളുമായും ഇയാൾ ബന്ധം പുലർത്തുന്നുണ്ട്. ബംഗളൂരുവിലെ ഭീകരാക്രമണപദ്ധതിയുടെ മുഖ്യസൂത്രധാരനാണ് ഇയാൾ.
ജുനൈദിനെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഇന്റർപോളിന് കൈമാറിയിരിക്കുകയാണ് കർണാടക പോലീസ്. ഹെബ്ബാൾ സുൽത്താൻപാളയയിൽ കന്നുകാലി കച്ചവടക്കാരനായിരുന്നു മുഹമ്മദ് ജുനൈദ്. 2017-ൽ നൂർ മുഹമ്മദ് എന്നയാൾ സാമ്പത്തിക തർക്കത്തെ തുടർന്ന് ജുനൈദിനെ ഭാര്യയുടെ മുന്നിലിട്ട് അർധനഗ്നനാക്കി ക്രൂരമായി മർദിച്ചിരുന്നു. തുടർന്ന് ഇതിന് പ്രതികാരമായി 2017 സെപ്റ്റംബറിൽ ജുനൈദും കൂട്ടാളികളും നൂർ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ ജുനൈദ് ഉൾപ്പെടെ 21 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ജുനൈദ് പരിചയപ്പെട്ടത്.
തടിയന്റവിട നസീറാണ് ജുനൈദിനെ തീവ്ര ആശയങ്ങളിലേക്ക് നയിച്ചതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. 2019-ൽ ജുനൈദിന് ജാമ്യം ലഭിച്ചു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ജുനൈദ് പിന്നീട് തീവ്രവാദപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. രക്തചന്ദനം കടത്തിയ കേസിൽ ഇടയ്ക്ക് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. പിന്നീടാണ് ഇയാൾ അഫ്ഗാനിലേക്ക് കടന്നത്.

