ചെന്നൈ: പുതിയ തീരുമാനവുമായി തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്സി (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ). തമിഴ് സിനിമയിൽ ഇനി തമിഴ് കലാകാരന്മാരെ മാത്രം സഹകരിപ്പിച്ചാൽ മതിയെന്നാണ് ഫെഫ്സിയുടെ തീരുമാനം.
തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിൽ മാത്രം നടത്തണമെന്നതുൾപ്പെടെ മറ്റു ചില നിർദേശങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സംഘടന നൽകുന്ന മുന്നറിയിപ്പ്. അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്ന് സംഘടന നിർദ്ദേശം നൽകി.
ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾക്ക് എഴുതി നൽകണമെന്നതാണ് മറ്റൊരു നിർദ്ദേശം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

