മണിപ്പൂരിൽ നിന്നെത്തി കേരളത്തിലെ സർക്കാർ വിദ്യാലയത്തിൽ പ്രവേശനം നേടി വിദ്യാർത്ഥി; പിന്തുണ ഉറപ്പു നൽകി വി ശിവൻകുട്ടി

തിരുവനന്തപുരം: മണിപ്പൂരിൽ നിന്നെത്തി തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്‌കൂളിൽ പ്രവേശനം നേടി വിദ്യാർത്ഥി. മൂന്നാം ക്ലാസിലാണ് മണിപ്പൂരിൽ നിന്നെത്തിയ ബാലിക പ്രവേശനം നേടിയത്. ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയിയാണ് കേരളത്തിലെത്തിയത്.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുട്ടിയെ സന്ദർശിച്ചു. എല്ലാ പിന്തുണയും സഹായവും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. മനഃസമാധാനത്തോടെ ജീവിച്ച് വളരാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ പ്രശ്ന ബാധിത പ്രദേശത്ത് നിന്നും ബന്ധുക്കളുടെ സഹായത്തോടെയാണ് വിദ്യാർഥിനി കേരളത്തിലെത്തിയത്. ടി സി ഉൾപ്പെടെ ഔദ്യോഗിക രേഖകളുടെ അഭാവത്തിലും വിദ്യാർഥിനിയെ പ്രവേശിപ്പിക്കാനുള്ള അനുമതി നൽകി. യൂണിഫോം അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് മണിപ്പൂരിൽ നിന്നുണ്ടാകുന്നത്. വിദ്യാർഥിനിയുടെ അമ്മയും അച്ഛനുമടക്കം സ്വന്തം ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്നു. നിലവിൽ അവർ അഭയാർഥി ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ മകളായി ജേ ജെം വളരും. എല്ലാ പിന്തുണയും സർക്കാർ നൽകും. സംഘർഷത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.