മണിപ്പൂർ സംഭവം മനുഷ്യത്വ രഹിതം; കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: മണിപ്പൂർ സംഭവം മനുഷ്യത്വ രഹിതമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംഭവം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗുമായി ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതായി അറിയാൻ കഴിഞ്ഞുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗും രംഗത്തെത്തി. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ പ്രതികരണം. നഗ്നരായ സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. കാൻഗ്‌പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നത്.

മണിപ്പൂരിൽ സംഭവിച്ചത് പരിഷ്‌കൃത സമൂഹത്തിന് നിരക്കുന്ന കാര്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും മാപ്പർഹിക്കുന്ന കാര്യമല്ല. ഒരു കുറ്റവാളിയും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുകയില്ലെന്ന് താൻ ഉറപ്പു നൽകുന്നു. ഹൃദയം അത്യധികം വേദനിക്കപ്പെട്ടു. ദേഷ്യവും ദുഃഖവും ഒരേസമയം അനുഭവപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.