മിച്ചഭൂമി കേസ്; നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം ദീർഘിപ്പിച്ച് നൽകി ഹൈക്കോടതി

കൊച്ചി: മിച്ചഭൂമി കേസിൽ പി വി അൻവർ എംഎൽഎക്കെതിരായ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം ദീർഘിപ്പിച്ച് നൽകി ഹൈക്കോടതി. ഒക്ടോബർ 18 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും. മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവരാവകാശ പ്രവർത്തകനായ കെ വി ഷാജിയാണ് പി വി അൻവറിനെതിരെ പരാതി നൽകിയത്. ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി പതിനഞ്ച് ഏക്കർ ആണ്. എന്നാൽ പി വി അൻവറിന്റെ പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുണ്ട്. പിവി അൻവർ തന്നെ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവാണെന്ന് ഷാജി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

2021ലും 2022ലും മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇത് നടപ്പായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകിയത്.