ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ റെസ്ലിങ് ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം. ഡൽഹി കോടതിയാണ് ബ്രിജ് ഭൂഷന് ജാമ്യം അനുവദിച്ചത്. ബ്രിജ് ഭൂഷണിന് പുറമേ കേസിലെ മറ്റൊരു പ്രതിയും മുൻ റെസ്സിങ് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു.

നിബന്ധനകളോടെയാണ് ജാമ്യം. നേരിട്ടോ അല്ലാതെയോ കേസിലെ പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത് തുടങ്ങിയവയാണ് കോടതി മുന്നോട്ടുവെച്ച നിബന്ധനകൾ.

കേസിൽ നേരത്തെ ഇരുവർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ഡൽഹി പോലീസ് ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തില്ല. ബ്രിജ് ഭൂഷൺ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും ഗുസ്തി താരങ്ങളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരെയോ പ്രതികളെയോ സമീപിക്കരുതെന്ന് പ്രതിയോട് നിർദേശിക്കണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.