മുംബൈ: വിവാഹ ബന്ധം വേർപെടുത്തിയ ഭാര്യയുടെ വളർത്തുനായ്ക്കൾക്കും ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട് കോടതി. മുംബൈയിലാണ് സംഭവം. ഭാര്യക്ക് നൽകാനുള്ള ജീവനാംശ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി കോടതിയെ സമീപിച്ചയാൾക്കാണ് ഭാര്യയുടെ വളർത്തുനായ്ക്കൾക്ക് കൂടി ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. മുംബൈയിലെ ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബന്ധങ്ങളുടെ തകർച്ചയിൽ വ്യക്തികൾക്ക് മാനസിക സന്തോഷം നൽകാൻ സഹായിക്കുന്നവയാണ് വളർത്തുമൃഗങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹമോചനം ആവശ്യപ്പെട്ട് 55കാരിയായ സ്ത്രീയാണ് കോടതിയെ സമീപിച്ചത്. വിവാഹമോചനം ലഭിച്ചെങ്കിലും ജീവനാംശം സംബന്ധിച്ച കേസ് കോടതിയിൽ പൂർത്തിയായിട്ടില്ല. വളർത്തുനായ്ക്കളുടെ പരിപാലനത്തിനായാണ് ഭാര്യ പണം വിനിയോഗിക്കേണ്ടതെന്ന് കോടതി അറിയിച്ചു. തനിക്ക് 55 വയസായെന്നും മറ്റ് ജോലി ചെയ്ത് ജീവിക്കാനാകില്ലെന്നും തന്റെ മൂന്ന് റോട്വീലർ നായ്ക്കളെ നോക്കാൻ കൂടി ഇടക്കാല ജീവനാംശം വേണമെന്നുമാണ് സ്ത്രീ ഉന്നയിച്ച ആവശ്യം. എന്നാൽ, ഭർത്താവ് ഇതിനെ എതിർക്കുകയായിരുന്നു.
വളർത്തുമൃഗങ്ങൾ ജീവിതത്തിൽ അനിവാര്യമാണെന്നും ബന്ധങ്ങൾ തകർന്നതുമൂലമുള്ള വൈകാരിക നഷ്ടം നികത്താൻ ഇവയ്ക്കാകുമെന്നും കോടതി വ്യക്തമാക്കി.

