പരാതിക്കാർക്ക് നോട്ടീസ് നൽകി സുപ്രീം കോടതി ;രാഹുൽ ഗാന്ധിയുടെ അയോഗ്യത നീളും

ഡൽഹി : അപകീർത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽഗാന്ധിയുടെ അപ്പീൽ നീളും. കേസ് ഇന്ന് പരിഗണിച്ച ശേഷം സുപ്രീംകോടതി പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ് അയച്ച് 10 ദിവസത്തിനകം മറുപടി നൽകാൻ പറഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് 4 ന് കേസ് കോടതി പരിഗണിക്കാനിരിക്കെ വയനാട് ഉപതിരഞ്ഞെടുപ്പ് ലക്‌ഷ്യം കണ്ട് കോടതിയുടെ നടപടികൾ എളുപ്പത്തിലാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മനു അഭിഷേക് വി സിംഗ്.

എന്നാൽ എതിർ കക്ഷികളുടെ അഭിപ്രായം തേടിയ ശേഷമേ നടപടി സ്വീകരിക്കൂ എന്ന നിലപാടിലാണ് കോടതി. വേഗത്തിൽ നടപടികൾ നടത്താമെന്ന് പറഞ്ഞ ശേഷമാണ് 10 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് എതിർ കക്ഷികൾക്ക് നിർദേശം നൽകിയത്. തന്റെ കുടുംബത്തിന് കോൺഗ്രസ് ബന്ധമുള്ളതിനാൽ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറാൻ ജസ്റ്റിസ് ഗവായ് ഒരുങ്ങിയിരുന്നു. എന്നാൽ ഇരു കക്ഷികളും അത് വിഷയമില്ലെന്ന് ചൂണ്ടികാട്ടിയതോടെ വാദം തുടർന്ന് പോവുകയായിരുന്നു.