ടിബറ്റ് : യാർലുങ് – സാങ്പോ നദിയുടെ താഴ്ന്ന ഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമിക്കാനായി ചൈന കരുക്കൾ നീക്കുന്നു. 60 ഗിഗാ വാട്ട് ആസൂത്രിത ശേഷിയാണ് ഈ വലിയ പ്രോജെക്ടിനുള്ളത്. രണ്ട് രാജ്യങ്ങളുടെയും ശക്തമായ സൈനിക സാന്നിധ്യമുള്ള പ്രദേശത്ത് നിർമിക്കപ്പെടുന്ന ഈ ഡാം ത്രീ ഗോർജസ് ഡാമിനെ മറികടക്കുമെന്ന് പല മാധ്യമങ്ങളുടെയും റിപ്പോർട്ടുകളിൽ പറയുന്നു. ചൈനയുടെ എല്ലാ വികസന പ്രവർത്തനങ്ങളും പരസ്യമാണെങ്കിലും പദ്ധതിയുടെ വ്യാപ്തിയും ഭൂമി ശാസ്ത്രപരമായ വ്യാപ്തിയും ചൈന എക്കാലത്തും രഹസ്യമാക്കി വയ്ക്കും. കൈലാസ് പർവതത്തിന്റെ അടുത്തായി ആങ്സി ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന സാങ്പോ ബ്രഹ്മപുത്രയായി ഇന്ത്യയിലേക്ക് ഒഴുകുന്നു.
ഇത് ബംഗ്ലാദേശിൽ ശക്തമായ ഡെൽറ്റയാകുന്നതിന് മുൻപ് തന്നെ ഏതാണ്ട് 3969 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്. നദി ബ്രഹ്മപുത്രയായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഒരു യു ടേൺ സ്വീകരിക്കുന്നുണ്ട്. ഈ സ്ഥലത്താണ് 60 മെഗാവാട്ടിന്റെ ഡാം നിർമിക്കാൻ ചൈന പദ്ധതിയിടുന്നത്. ഇവിടെ ഡാം പണിത് ചൈനയിലേക്ക് വെള്ളം തിരിച്ചു വിടാനുള്ള പദ്ധതിയുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ പറയുന്നത്. എന്നാൽ ഇത് ഇന്ത്യയുടെ പാരിസ്ഥിതിക -ജല പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

