ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടം; വിശാല പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ എന്ന് പേരിട്ടു

ബെംഗളൂരു: വിശാല പ്രതിപക്ഷ സഖ്യത്തിന് പേരിട്ടു. ‘INDIA’ എന്നാണ് പ്രതിപക്ഷ സഖ്യത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടമായതിനാലാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് ഇങ്ങനെയൊരു പേരിട്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് തങ്ങൾ INDIA (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ലുസിവ് അലയൻസ്) എന്ന പേര് തിരഞ്ഞെടുത്തത്. ഈ പോരാട്ടം എൻഡിഎയും ഇന്ത്യയും തമ്മിലാണ്. നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. ഇന്ത്യയുടെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും തങ്ങൾ സംരക്ഷിക്കും. ഇന്ത്യ എന്ന ആശയത്തെ ആരെങ്കിലും ഏറ്റെടുക്കുമ്പോൾ ആരാണ് വിജയിക്കുക. ബിജെപി ഭരണത്തിന് കീഴിൽ ഇന്ത്യ എന്ന ആശയം അക്രമിക്കപ്പെടുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ നിന്ന് രാജ്യത്തിന്റെ ശബ്ദം തട്ടിയെടുക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

26 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 49 നേതാക്കൾ ബെംഗളൂരുവിലെ യോഗത്തിൽ പങ്കെടുത്തു. എൻസിപി നേതാവ് ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കാളികളായി.