ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വസതിയിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 81.7 ലക്ഷം രൂപ. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും മന്ത്രിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തുവെന്ന് ഇഡി അറിയിച്ചു. നിരവധി രേഖകളും ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം ഇഡി മരവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. കെ പൊന്മുടിയെയും മകനെയും ചെന്നൈ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. തിങ്കളാഴ്ച്ച രാവിലെ മുതലാണ് ഇഡി മന്ത്രിയുടെ വസതിയിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ പൊന്മുടിയുടെ മകൻ ഗൗതവും ഇഡി അന്വേഷണം നേരിടുന്നുണ്ട്.
അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കെ പൊന്മുടിയുമായി ഫോണിൽ സംസാരിച്ചു. ഇഡി നടപടികളെ ധൈര്യത്തോടെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. താനും പാർട്ടിയും പൊന്മുടിക്കൊപ്പം ഉണ്ടാകുമെന്നും സ്റ്റാലിൻ ഉറപ്പ് നൽകിയിട്ടുണ്ട്.

