ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടിക്ക് മരണമില്ല; ഒരിക്കലും മുഖംമറക്കാത്ത നേതാവാണെന്ന് പശ്ചിമബംഗാൾ ഗവർണർ

തിരുവനനന്തപുരം: ഉമ്മൻ ചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് പശ്ചിമബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ്. ഒരിക്കലും മുഖംമറക്കാത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടിക്ക് മരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വേരുകൾ വെടിയാത്ത നേതാവാണ് അദ്ദേഹം. ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയത്തെക്കാൾ വലുത് മനുഷ്യത്വമാണ്. എല്ലാറ്റിലും വലുത് പുതുപ്പള്ളിയാണ്. സീതാദേവി ഭൂമിയിൽ നിന്നു വന്ന് ഭൂമിയിലേക്ക് മടങ്ങിപ്പോയി. ഉമ്മൻചാണ്ടി എന്ന നേതാവ് പുതുപ്പള്ളിയിൽ നിന്നു വന്നു, പുതുപ്പള്ളിയിലേക്ക് മടങ്ങിപ്പോകുന്നു. ജനഹൃദയങ്ങളിൽ തനിക്കുമാത്രം അവകാശപ്പെടാവുന്ന പ്രത്യേക ഇടം മാറ്റിവെച്ചുകൊണ്ട്. അദ്ദേഹം തുടർന്നു. ജീവിച്ചിരിക്കുന്ന സീസറെക്കാൾ ശക്തനാണ് മരിച്ച സീസർ എന്ന് പറയുന്നത് ഉമ്മൻചാണ്ടിയുടെ കാര്യത്തിലും ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ജനങ്ങൾക്കുള്ള പരമാധികാരവും അധീശത്വവും ആണെന്ന് വിശ്വസിക്കുകയും ജീവിതത്തിൽ അത് പ്രായോഗികമാക്കുകയും ചെയ്തയാളാണ് ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ കേരളം കണ്ട മികച്ച ജനകീയ നേതാക്കളിൽ ഒരാളായിത്തീർന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണം ദേശീയ രാഷ്ട്രീയത്തിനും കേരളീയ പൊതുജീവിതത്തിനും കനത്ത നഷ്ടമാണ് വരുത്തിയത്. ജനങ്ങളുമായി ഇടപഴകി അവരിലൊരാളായി ജീവിക്കുകയും സാമൂഹിക പ്രതിബദ്ധതയിലൂന്നി അവർക്ക് ജീവിതം സമർപ്പിക്കുകയും വഴിയാണ് ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവും മുഖ്യമന്ത്രിയുമായി അദ്ദേഹം മാറിയതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

മുഖ്യമന്ത്രിയായിരിക്കെ തന്റെ പുസ്തക പ്രകാശനം നടത്തിയതും പ്രതിപക്ഷ നേതാവായിരിക്കെ തന്റെ വസതിയിലെ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തതും മറക്കാനാവില്ല. ഏറെ അടുത്ത വ്യക്തിബന്ധം ഉമ്മൻചാണ്ടിയുമായി തനിക്കുണ്ടായിരുന്നു. ഒരു നല്ല പൊതുപ്രവർത്തകനാകാൻ ആഗ്രഹിക്കുന്ന ആർക്കും സാധനാപാഠമാകേണ്ട ഒട്ടേറെ ഗുണവിശേഷങ്ങൾ നൽകി മാതൃക കാണിച്ച ശേഷമാണ് ഉമ്മൻചാണ്ടി വിട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നുവെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.