പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റ്; അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണുമെന്ന് കെ ബി ഗണേഷ് കുമാർ

കോട്ടയം: പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച സിഡിഎസ് ചെയർപേഴ്‌സന് ഉപദേശവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലാണ് സംഭവം നടന്നത്. വിളക്ക് കൊളുത്താൻ വിളിച്ചപ്പോൾ മതപരമായ കാര്യം പറഞ്ഞാണ് സിഡിഎസ് ഒഴിഞ്ഞത്. ഇതോടെയാണ് ഗണേഷ് കുമാർ ഉപദേശം നൽകി രംഗത്തെത്തിയത്. ആരാണോ നിങ്ങളോട് വിളക്ക് കത്തിക്കരുതെന്ന് പറഞ്ഞ് തന്നത് ആ ആൾക്കെന്തോ കള്ളത്തരമുണ്ടെന്നേ താൻ പറയൂ. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണ്. പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്ക് കൊളുത്താറുണ്ട്. പലരും തന്നോടൊപ്പം വിളക്ക് കത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലബാറിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മലബാറിലെ ഒരു അമ്പലത്തിൽ പുനരുദ്ധാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. അമ്പലത്തിലെ പരിപാടി കഴിഞ്ഞ് സ്റ്റേജിലിരിക്കുന്ന തങ്ങൾക്ക് അമ്പലത്തിൽ നിന്നുള്ള ഒരു ഉണ്ണിയപ്പം കൊടുത്തു. കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങൾ. ഹിന്ദുവിന്റെ ഉണ്ണിയപ്പമാണെന്ന് ആ മഹാനായ വ്യക്തി കരുതിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.