ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ്പ് ഉണ്ടായി. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. മണിപ്പൂരിൽ ഇംഫാൽ ഈസ്റ്റിൽ ഒരു സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവർ നാഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ അക്രമികൾ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
വെസ്റ്റ് ഇംഫാലിൽ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകൾക്കും കലാപകാരികൾ തീവെച്ചു. ഒഴിഞ്ഞ സിലണ്ടറുകളായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. അതിനാൽ വലിയ അപകടം ഒഴിവായി. മെയ്‌ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് വാഹനങ്ങൾക്ക് തീവെച്ചത്.
മണിപ്പൂരിൽ ഏറ്റവും ഒടുവിൽ ഏറ്റുമുട്ടൽ ഉണ്ടായത് കദാംബന്ദ് മേഖലയിലാണ്. ഇവിടെയുണ്ടായ വെടിവെപ്പിൽ ഇരുപത്തിയേഴ് വയസുകാരനായ മെയ്‌ത്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരിൽ വീണ്ടും സ്ഥിതി വഷളായിരിക്കുകയാണ്. നഗര മേഖലയിലടക്കം മുളകമ്പുകൾ ഉപയോഗിച്ച് മെയ്‌ത്തെയ് വിഭാഗക്കാർ വാഹനങ്ങൾ തടഞ്ഞു. പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ മേഖലയിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

