കെഎസ്ആർടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണം; ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യം അറിയിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ. ചീഫ് സെക്രട്ടറിയെ കണ്ടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കെഎസ്ആർടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് അദ്ദേഹം അറിയിച്ചു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ബിജു പ്രഭാകറിന്‌റെ വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം എം ഡി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. സിഎംഡിയുടെ രാജിസന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെയൊരു കാര്യം സി എം ഡി സംസാരിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച പണം കൃത്യമായി നൽകിയാൽ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സിഎംഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. ശമ്പളം നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്നും ആദ്യ ഘട്ട വിതരണം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.