ശ്രീഹരിക്കോട്ട: ചന്ദ്രയാൻ-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിൽ നിന്ന് ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചന്ദ്രയാൻ-3 പേടകത്തെ നമ്മുടെ പ്രിയപ്പെട്ട LVM 3 ഇതിനോടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിൽ ചന്ദ്രന് സമീപത്തേക്ക് പേടകത്തിന് കൂടുതൽ മുന്നേറ്റം നടത്താനും ചന്ദ്രനിലെത്തിച്ചേരാനും സാധിക്കട്ടേയെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാകാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ ഒന്നാംഘട്ടം വിജയകരമായതിൽ ഐഎസ്ആർഒ സംഘത്തിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദനം അറിയിച്ചു.
അതേസമയം, ഓരോ ഇന്ത്യൻ പൗരന്റെയും സ്വപ്നാഭിലാഷങ്ങളെ സാക്ഷാത്കരിച്ചുകൊണ്ട് ചന്ദ്രയാൻ-3 ഉയരത്തിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞർ നൽകിയ പൂർണമായ അർപ്പണമനോഭാവത്തിന്റെ തെളിവാണ്. അവരുടെ ആത്മാർത്ഥതയെയും ഊർജ്ജസ്വലതയെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. ബഹിരാകാശ യാത്രയിൽ ചന്ദ്രയാൻ-3 ഒരു പുതിയ അദ്ധ്യായം കുറിയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം നടന്നത്. ചന്ദ്രയാനിന്റെ റോവർ ഈ വരുന്ന ഓഗസ്റ്റ് 24 ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ എസ് ആർ ഓ യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി എസ് എൽ വി മാർക്ക് 3 എന്ന എൽ വി എമ്മാണ് ചന്ദ്രയാൻ അതിന്റെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്.പേടകം ആദ്യം ഭൂമിയെ സ്വയം ചുറ്റി ഭ്രമണപഥം ഉയർത്തും. പിന്നീട് 6 ദിവസങ്ങൾക്ക് ശേഷമായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത്.പേടകത്തിന് ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്താൻ 40 ദിവസം സഞ്ചരിക്കേണ്ടി വരും. ശേഷം ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തതിനു ശേഷമാണ് അതിലെ റോവർ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണിൽ പരീക്ഷണം നടത്തുന്നത്.

