തിരുവനന്തപുരം: കെഎസ്ആർടിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹൈക്കോടതി രംഗത്തെത്തിയത്.
ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
അതേസമയം, സർക്കാർ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി.

