ന്യൂ ഡൽഹി : പച്ചക്കറികളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസ പദ്ധതിയുമായി കേന്ദ്ര സർക്കാർ.ആന്ധ്രാപ്രദേശ്, കർണാടക,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും സർക്കാർ നേരിട്ട് തക്കാളി വാങ്ങി സബ്സിഡി നിരക്കിൽ ഒരാൾക്ക് രണ്ട കിലോ തക്കാളി വരെ നൽകുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ന് മുതലാണ് സർക്കാർ ഡൽഹി, പട്ന,ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഈ പദ്ധതി വഴി ഒരു കിലോക്ക് 90 രൂപ നിരക്കിൽ തക്കാളി നൽകിയത്. കഴിഞ്ഞാഴ്ച ഇത്തരത്തിൽ തക്കാളി നൽകുമെന്ന് ഡൽഹിയിൽ ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നു.
മൊബൈൽ വാനുകൾ വഴി ലക്നൗ, കാൻപൂർ,ജയ്പൂർ എന്നിവിടങ്ങളിൽ വാരാന്ത്യത്തിൽ തക്കാളി എത്തിക്കുമെന്നാണ് റിപ്പോർട്ട്. എൻ സി സി എഫ് ഇന്ന് 11 ജില്ലകളിലായി 20 മൊബൈൽ വാനുകളും 5 കേന്ദ്രങ്ങളും വഴി തക്കാളി വില്പന ആരംഭിച്ചിട്ടുണ്ട്. ആദ്യ ദിനം തന്നെ 17000 കിലോ തക്കാളി വിതരണം ചെയ്തതായി എൻ സി സി എഫ് ചെയർമാൻ വിശാൽ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ടാകുന്ന നഷ്ട്ടം കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നും നാളെ 20000 കിലോ വിൽക്കാനായി പദ്ധതിയിടുന്നതായും സർക്കാർ അറിയിച്ചു.

