വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; മുഖ്യപ്രതി നിഖിലിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോമിന് പ്രവേശനം നേടിയ സംഭവത്തിൽ എസ്എഫ്‌ഐ മുൻ നേതാവ് നിഖിൽ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി നിഖിലിന് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കായംകുളത്തെ എംഎസ്എം കോളേജിലെ രണ്ടാം സെമസ്റ്റർ എം.കോം വിദ്യാർത്ഥിയായിരുന്ന നിഖിൽ എം.കോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റാണ് വ്യാജമാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ബി.കോം ഡിഗ്രി സർട്ടിഫിക്കറ്റ് ഉൾപ്പെടെ അഞ്ച് രേഖകളാണ് നിഖിൽ വ്യാജമായി നിർമ്മിച്ചത്.

കൊച്ചിയിലെ ‘ഓറിയോൺ എഡ്യു വിംഗ്’ എന്ന സ്ഥാപനത്തിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചത്. സ്ഥാപന ഉടമ സജു എസ്. ശശിധരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 23നാണ് നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.