ന്യൂ ഡൽഹി : കേരളത്തിലെ ട്രെയിൻ യാത്രികരുടെ ഏറെ നാളത്തെ ആഗ്രഹത്തിന് റെയിൽവേ പരിഹാരം കണ്ടിരിക്കുകയാണ്. പുതിയ തീവണ്ടി മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് അനുവദിക്കുക, മധുരയ്ക്കുള്ള അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുക യശ്വന്ത് പൂർ കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുക തുടങ്ങിയ നീണ്ട കാലത്തെ ആവശ്യങ്ങളാണ് റെയിൽവേ അംഗീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സെക്കന്ദരാബാദിൽ ചേർന്ന റെയിൽവേ ടൈം ടേബിൾ കമ്മിറ്റി ഇക്കാര്യം റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്തതായി പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണ ദാസ് അറിയിച്ചു.
രാമേശ്വരത്തേക്ക് തീർത്ഥാടകർക്കായി കൂടുതൽ തീവണ്ടി അനുവദിക്കാനായി പി കെ കൃഷ്ണ ദാസ് റെയിൽ വേ ബോർഡ് ചെയർമാൻ അനിൽകുമാർ ലാഹോട്ടിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന് പരിഹാരമായാണ് റെയിൽ ടൈം ടേബിൾ കമ്മിറ്റി പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കന്യാകുമാരി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു കേരളത്തിലുള്ളവർ രാമേശ്വരത്തേക്ക് പോയിരുന്നത്.വടക്കേമലബാറിൽ നിന്ന് ബംഗളുരുവിലേക്ക് കൂടുതൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമായിരുന്നു.കണ്ണൂർ വരെയുള്ള യശ്വന്ത് പൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ പ്രശ്‌നവും ഏറെക്കുറെ പരിഹരിക്കപ്പെടും.

