പി വി അൻവറിന് തിരിച്ചടി: ഭൂപരിക്ഷ്‌കരണ നിയമം ലംഘിച്ച് കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി ഉടൻ തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി വി അൻവറിന് തിരിച്ചടി. ഭൂപരിക്ഷ്‌കരണ നിയമം ലംഘിച്ച് ഇടത് എംഎൽഎ പി വി അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി തിരിച്ചുപിടിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

വിഷയത്തിൽ വിശദീകരണം സമർപ്പിക്കാൻ പത്ത് ദിവസത്തെ സാവകാശം സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇത് അനുവദിക്കാൻ തയ്യാറായില്ല. വിശദമായ സത്യവാങ്മൂലം അടുത്ത ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ചട്ടം ലംഘിച്ച് പി.വി അൻവർ എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളിൽ തിരിച്ചുപിടിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2020 മാർച്ച് 20 നാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് പരാതിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് വീണ്ടും കോടതി ഉത്തരവിട്ടു. അഞ്ചുമാസത്തിനുള്ളിൽ ഭൂമി തിരിച്ചു പിടിക്കണമെന്നായിരുന്നു 2022 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ കോടതി അറിയിച്ചിരുന്നത്. ഇതു പാലിക്കപ്പെടാതെ വന്നതോടെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.