തിരുവനന്തപുരം: പി വി അൻവർ എംഎൽഎക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾക്കെതിരായ പി വി അൻവർ എംഎൽഎ നടത്തിയ ഭീഷണിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
അൻവറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു. അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു. മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎൽഎ നേതൃത്വം നൽകുന്നുവെന്നും പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചേർന്നു ഒരു പരിപാടിയും ഇല്ല. സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ ജില്ലകളിലും യുഡിഎഫ് ബഹുസ്വരതാ സംഗമം നടത്തും. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും പരിപാടിയിലേക്ക് ക്ഷണിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
സിപിഎമ്മിനെ വിളിക്കാതെ മറ്റുള്ളവരെ വിളിക്കുന്നതിലേ അനൗചിത്യം കൊണ്ടാണ് ഘടക ക്ഷികളെ വിളിക്കാത്തത്. സമസ്ത മുജാഹിദ് വിഭാഗങ്ങൾ സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ ആശങ്ക ഇല്ല. മത സംഘടനകളോട് പോകേണ്ട എന്ന് പറയാൻ തങ്ങൾ ആളല്ല. ശരി അത്തിലും ഏക സിവിൽ കോഡിലും മുൻ നിലപാട് തിരുത്തിയോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് നിലപാട് ഏക സിവിൽ കോഡ് വേണ്ടെന്ന് തന്നെയാണ്. സിപിഎം സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

