കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സംഘടിപ്പിക്കുന്ന സെമിനാറിലേക്കുള്ള സിപിഎമ്മിന്റെ ക്ഷണം മുസ്ലിം ലീഗ് നിഷേധിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സെമിനാറിന് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ലീഗുമായി നാല് പതിറ്റാണ്ട് കാലത്തെ സഹോദര ബന്ധമാണ്. ഏക സിവിൽ കോഡിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ അതേ നിലപാടാണ് സിപിഎമ്മിനും. എന്തെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടാകുമോ എന്നാണ് സിപിഎം നോക്കുന്നത്. ഇപ്പോൾ നന്നായി കിട്ടിയല്ലോ. അതുമായി പൊയ്‌ക്കൊള്ളുകയെന്നും അദ്ദേഹം പരിഹസിച്ചു.
ഏക സിവിൽ കോഡ് നടപ്പാക്കണം എന്നുള്ളതായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ആവശ്യം. കോൺഗ്രസ് അധികാരത്തിൽ ഉള്ളപ്പോളും ഇല്ലാത്തപ്പോലും സിവിൽ കോഡിന് എതിരായിരുന്നു. ദേശീയതലത്തിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യം ശരിയായി വിലയിരുത്തുന്ന പാർട്ടിയാണ് ലീഗ്. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ മതേതര പ്ലാറ്റ്‌ഫോം വേണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം. കേരളത്തിലെ സിപിഎം നേതാക്കൾ ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ കേസുകൾ ഉള്ളതിനാൽ ബിജെപി നേതാക്കളുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് സിപിഎം നടത്തുന്നത്. ഇവിടെയുള്ള നേതാക്കൾ ബിജെപി സംഘപരിവാർ നേതാക്കളുമായി ധാരണയാണെന്നും ഇങ്ങോട്ട് കള്ളക്കടത്ത് കേസിൽ സഹായിക്കുമ്പോൾ അങ്ങോട്ട് കുഴൽപ്പണം കേസിൽ സഹായിക്കുകയാണ് ചെയ്യുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

