ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും മുസ്ലിം ലീഗ് പിന്തിരിഞ്ഞതിൽ പ്രതിഷേധവുമായി എ കെ ബാലൻ രംഗത്ത്. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് അഖിലേന്ത്യാതലത്തില്‍ വ്യക്തമായ ഒരു നിലപാടില്ലെന്നും, അതിനാലാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത തീരുമാനമെടുക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു.
‘ലീഗിന്റെ രാഷ്ട്രീയ തീരുമാനത്തിൽ തെറ്റ് പറയാൻ പറ്റില്ല. മതന്യൂനപക്ഷങ്ങൾ പൊതുവിൽ യോജിക്കില്ല. കോൺഗ്രസിന് ഏക സിവിൽ കോഡിൽ വ്യക്തമായ നിലപാട് ഇല്ല. വ്യക്തമായ നിലപാടില്ലത്ത കോൺഗ്രസുമായി ലീഗിന് അധിക കാലം പോകാൻ കഴിയില്ല. 16 എംപിമാരില്ലേ കോണ്‍ഗ്രസിന്. അതില്‍ മുസ്ലീമുണ്ടോ. ഞങ്ങള്‍ക്ക് ഒരു എം പിയേ ഉള്ളൂ, അത് ന്യൂനപക്ഷത്തില്‍പ്പെട്ടയാളാണ്. കോൺഗ്രസ് വിമുക്ത ഭാരതം ഞങ്ങളുടെ മുദ്രാവാക്യം അല്ല. ലീഗിന്റെ അണികൾ തീരുമാനം അംഗീകരിക്കില്ല’, എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

