മഴ കനക്കുന്നു ; ഉത്തരേന്ത്യയിൽ മരണപ്പെട്ടത് 12 പേർ

കാലവർഷം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യയിലും മഴ കനക്കുന്നു. മഴയെ തുടർന്ന് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 12 പേരാണ് മരണത്തിനു കീഴടങ്ങിയത്. രാജസ്ഥാനിൽ മഴക്കെടുതിയിൽ നാലു പേർ മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കനത്ത മഴയിൽ വീട് തകർന്ന് ഇന്നു പുലർച്ചെ സ്ത്രീയും ആറു വയസ്സുള്ള മകളും മരിച്ചു.

ഹിമാചൽ പ്രദേശിലെ ഷിംലയിൽ സമാനമായ സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു.ഡൽഹിയിൽ ഫ്ലാറ്റിലെ സീലിങ് തകർന്ന് 58 വയസ്സുകാരിയായ സ്ത്രീ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്നലെ രണ്ടു സൈനികർ മുങ്ങിമരിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് ഡൽഹിയിൽ രണ്ടു ദിവസമായി പെയ്യുന്നത്.