ലഹരിവസ്തു വിൽപ്പന; രഹസ്യ വിവരത്തിൽ അറസ്റ്റും റെയ്ഡുമുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ലഹരിവസ്തു വിൽപ്പന രഹസ്യ വിവരത്തിൽ അറസ്റ്റും റെയ്ഡുമുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. രഹസ്യ വിവരങ്ങളിൽ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഇരിങ്ങാലക്കുടയിൽ നിരപരാധിയായ വീട്ടമ്മ അറസ്റ്റിലായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, വ്യക്തി വൈരാശ്യം തീർക്കാൻ നിരവധി പേർ വിവരം കൈമാറുന്നുണ്ടെന്ന് എക്‌സൈസ് കമ്മീഷണർ യോഗത്തിൽ വിശദമാക്കി. എല്ലാ റെയ്ഞ്ചിലും പരിശോധന കിറ്റുകൾ കൂടുതലായി എത്തിക്കാനും യോഗത്തിൽ തീരുമാനിച്ചു.

വ്യാജ ലഹരി കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരെ എക്‌സൈസ് കേസെടുത്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വ്യാജ കേസാണെന്ന് വ്യക്തമായതോടെ ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.