ജ്വല്ലറിയിൽ നിന്ന് പണം തട്ടി; ചീഫ് അക്കൗണ്ടന്റിനായി ലുക്കൗട്ട് നോട്ടീസ്

കണ്ണൂർ: കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ചീഫ് അക്കൗണ്ടന്റിനായി തെരച്ചിൽ. ഏഴരക്കോടി രൂപ തട്ടിയ കേസിൽ ചീഫ് അക്കൗണ്ടിനെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ചിറക്കൽ സ്വദേശി സിന്ധുവിന് വേണ്ടിയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

നികുതിയിനത്തിൽ അടക്കേണ്ട തുകയുടെ കണക്കിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ചെന്നാണ് ഇവർക്കെതിരെയുള്ള പരാതി. കണ്ണൂരിലെ കൃഷ്ണ ജൂവൽസ് മാനേജിങ് പാർട്ടണർ ആണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

കെ സിന്ധു 2004 മുതൽ ജ്വല്ലറിയിലെ ജീവനക്കാരിയാണ്. ചീഫ് അക്കൗണ്ടന്റായ ഇവർ 2009 മുതൽ പല തവണയായി ജ്വല്ലറി അക്കൗണ്ടിൽ നിന്ന് ഏഴ് കോടി അൻപത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി നാൽപ്പത്തിനാല് രൂപ തട്ടിയെടുത്താണ് പരാതിയിലെ ആരോപണം.

വിവിധ നികുതികളിലായി സ്ഥാപനം അടക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്. കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച് കാണിച്ചു. ബാങ്കിൽ നിന്ന് നികുതിയിനത്തിൽ അടക്കേണ്ട തുക കഴിച്ചുള്ളത് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നും പരാതിയിൽ പറയുന്നു. ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്.