ചെന്നൈ: അതിഥികളുടെ ഡ്രൈവർമാർക്കുള്ള സൗകര്യങ്ങളൊരുക്കാൻ സംസ്ഥാനത്തെ ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും നിർദേശം നൽകി തമിഴ്നാട് സർക്കാർ. 2019 ലെ കെട്ടിട നിർമാണ ചട്ടവ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടാണ് സർക്കാർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഹോട്ടലുകളിലും ലോഡ്ജുകളിലും അതിഥികളുടെ ഡ്രൈവർമാർക്ക് ഉപയോഗിക്കാനായി ഡോർമിറ്ററികളും ശൗചാലയങ്ങളുമൊരുക്കുന്നത് നിർബന്ധമാക്കി.
മുൻ ചീഫ് സെക്രട്ടറി വി.ഇരയ് അൻബുവാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. ദീർഘദൂര യാത്രകൾക്ക് പോകുന്ന ടാക്സി ഡ്രൈവർ പലപ്പോഴും കാറുകളിലോ ഹോട്ടലുകളിലെ വരാന്തകളിലോ ആണ് കിടക്കാറുള്ളത്. മതിയായ ഉറക്കം ഡ്രൈവർമാർക്ക് ലഭിക്കാത്തത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വി.ഇരയ് അൻബു ഈ ശുപാർശ നൽകിയത്.
അതിഥികളുടെ വാഹനത്തിലെ ഡ്രൈവർക്ക് ഡോർമിറ്ററിയിൽ കിടക്കയുറപ്പാക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഡോർമിറ്ററിയിൽ ഓരോ എട്ട് കിടക്കകൾക്കും അനുസൃതമായി പ്രത്യേക ശൗചാലയങ്ങളുമുണ്ടാകണം. ഹോട്ടലല്ലെങ്കിൽ ലോഡ്ജിന്റെ പരിസരത്തോ 250 മീറ്റർ ചുറ്റളവിലോ വേണം ഡോർമിറ്ററി ഒരുക്കേണ്ടതെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഒരാൾക്കെങ്കിലും ഹോട്ടലുകളിലെ പാർക്കിങ് സ്ഥലത്ത് കിടക്കാനുള്ള സൗകര്യം ഉണ്ടാകണം. ഇതിനോടൊപ്പം ശൗചാലയങ്ങളും ഉണ്ടായിരിക്കണം.
നിലവിലുള്ള ഹോട്ടലുകൾ പുതിയ സൗകര്യങ്ങൾ നിരമിക്കുകയോ വാടകയ്ക്ക് സ്ഥലം ഏർപ്പാടാക്കുകയോ ചെയ്യണം. പുതിയ ഹോട്ടൽ കെട്ടിടങ്ങൾക്ക് പെർമിറ്റുകൾ ലഭ്യമാക്കുന്നതിന്റെ പ്രധാന മാനദണ്ഡമായിരിക്കും ഡ്രൈവർമാർക്കുള്ള താമസ സൗകര്യം.

