അരിക്കൊമ്പനുമായി ബന്ധപ്പെട്ട് നിരന്തരം ഹർജികൾ; അതൃപ്തി പ്രകടമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികളിൽ നിരന്തരം ലഭിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീം കോടതി. അരിക്കൊമ്പനുമായി ബന്ധപ്പെട്ടുള്ള ഹർജികൾ കാരണം പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓരോ ഹർജികൾ ഫയൽ ചെയ്യപ്പെടുകയാണെന്നും കോടതി അറിയിച്ചു. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

എന്തുകൊണ്ട് ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിച്ചുകൂടെന്ന് കോടതി ചോദിക്കുന്നു. അതേസമയം, അരിക്കൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും വ്യക്തമല്ലെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് അറിയിച്ചു. അതുകൊണ്ട് തമിഴ്‌നാട് സർക്കാരിനോട് ഇക്കാര്യം വ്യക്തമാക്കാൻ നിർദേശിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചു. ആന ഇപ്പോൾ എവിടെയെന്ന് അറിയില്ല. അതിനാൽ ഹർജി മദ്രാസ് ഹൈകോടതിയിലാണോ, കേരള ഹൈകോടതിയിലാണോ ഫയൽ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ആന എവിടെയെന്ന് മനസിലാക്കി ഹർജിയെവിടെ ഫയൽ ചെയ്യണമെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് കോടതി മറുപടി നൽകി.