ബത്തേരി: നിരാലംബർക്കും നിർധനർക്കും കൈത്താങ്ങായി മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ്. ബിഷപ് ഹൗസിങ് പ്രോജക്ട് എന്ന പേരിൽ നിരാലംബർക്കായി ഭവനങ്ങൾ നിർമ്മിച്ചു നൽകുകയാണ് ഡോ. ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം. സ്ഥലമില്ലാത്തവർക്കു സ്ഥലവും വീടും വീടില്ലാത്തവർക്കു വീടുമാണു പദ്ധതിയിലൂടെ നൽകുന്നത്. 25 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
വാടകയ്ക്കും പുറമ്പോക്കുകളിലും താമസിച്ചിരുന്ന 200 കുടുംബങ്ങൾ പദ്ധതി പൂർത്തിയാകുന്നതോടെ സ്വന്തമായി വീടും സ്ഥലവും ഉള്ളവരായി മാറുന്നതാണ്. രൂപതയുടെ കീഴിലുള്ള വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട്, നീലഗിരി ജില്ലകളിലുള്ള 200 പേരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിരിക്കുന്നത്.
650 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരേ മാതൃകയിലുള്ള വീടുകളാണ് പദ്ധതിയുടെ കീഴിൽ നിർമ്മിക്കുന്നത്. 5 വീടുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായി. പല സ്ഥലങ്ങളിലായി 20 വീടുകളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. ബത്തേരി രൂപതയുടെ കീഴിലുള്ള മുഴുവൻ ഭവന രഹിതർക്കും 2025 ഓടെ വീട് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ബത്തേരി കുപ്പാടി മൂന്നാംമൈലിൽ പഴയ പള്ളിയോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലത്തിൽ ഒരേക്കറും ഭവനപദ്ധതിക്കായി ബിഷപ് മാറ്റിവച്ചിട്ടുണ്ട്. 10 പേർക്ക് 5 സെന്റ് വീതം ഇവിടെ പതിച്ചും നൽകി. ഇവിടെ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും. സ്ഥലത്തിന് പുറമേ, ഒരു വീടിന് 7 ലക്ഷം രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.
പദ്ധതിയ്ക്കായുള്ള സാമ്പത്തിക സഹായം ലഭിക്കുക രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങൾ, പള്ളികൾ, ഇടവക ജനങ്ങൾ പൊതുജനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാമാണ്.

