മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയതിൽ വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് മന്ത്രി ആൻ്റണി രാജു സുപ്രീം കോടതിയിൽ. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആർ കോടതി റദ്ദാക്കിയത്.
സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്റണി രാജു പറയുന്നു.
അഭിഭാഷകൻ ദീപക് പ്രകാശാണ് ആന്‍റണി രാജുവിനായി ഹർജി ഫയൽ ചെയ്തത്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജുവും ബെഞ്ച് ക്ലാർക്ക് ജോസും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ മാർച്ചിൽ ഉത്തരവിട്ടത്.

