സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ പ്രവർത്തിച്ചു; ഡിവൈഎസ്പി റസ്റ്റത്തിനെതിരെ പരാതി നൽകി കെ സുധാകരൻ

തിരുവനന്തപുരം: ഡിവൈഎസ്പി റസ്റ്റത്തിനെതിരെ പരാതി നൽകി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ലോക്സഭാ സ്പീക്കർ, പാർലമെന്റ് എത്തിക്സ് കമ്മിറ്റി, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവർക്കാണ് കെ സുധാകരൻ പരാതി നൽകിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് റസ്റ്റത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്.

എംപിയായ തന്നെ സമൂഹമദ്ധ്യത്തിൽ തേജോവധം ചെയ്യാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയവേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തന്നെ പ്രതിചേർത്തുള്ള കള്ളക്കേസെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോക്‌സോ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത മോൺസൺ മാവുങ്കൽ വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്സോ സെക്ഷൻ കോടതിയിൽ നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മോൻസൻ മാവുങ്കലിനെ പോക്‌സോ കോടതി ശിക്ഷിച്ച ജൂൺ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. മോൺസൺ പെൺകുട്ടിയെ പീഡിപ്പിച്ച സമയത്ത് താൻ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോൺസണ് നൽകിയത് താൻ പറഞ്ഞിട്ടാണെന്നും മൊഴി നൽകണമെന്നും ഡിവൈ.എസ്.പി ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച മോൺസണെയും അയാളുടെ കുടുംബത്തേയും അധിക്ഷേപിക്കുകയും തോക്കുചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയിൽ വാങ്ങി പ്രതികാരം തീർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കെ സുധാകരൻ പരാതിയിൽ അറിയിച്ചു.