കൊച്ചി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിഷയത്തിൽ പ്രിയ വർഗീസിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ യുജിസി. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുജിസി സുപ്രീം കോടതിയെ സമീപിക്കുന്നത്.
ആവശ്യമായ അദ്ധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു് കേസ് പരിഗണിച്ചത്.
കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന്റെ റാങ്ക് പട്ടികയിൽ പ്രിയയുടെ അദ്ധ്യാപന പരിചയം യുജിസി ചട്ടങ്ങൾക്ക് വിധേയമല്ലെന്നായിരുന്നു സിംഗിൽ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. വിധിക്കെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്നും അനുകൂല വിധി ഉണ്ടായത്. ഇതിനെതിരെയാണ് ഇപ്പോൾ യുജിസി സുപ്രീം കോടതിയെ സമീപിക്കുന്നത്.

