തമിഴ്‌നാട്ടിൽ അസാധാരണ നടപടിയുമായി ഗവർണർ; സെന്തിൽ ബാലാജിയെ പുറത്താക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ അസാധാരണ നടപടിയുമായി ഗവർണർ. അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കി ഗവർണർ ആർ എൻ രവി പുറത്താക്കി. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ പുറത്താക്കിയത്.

വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്നാണ് ഗവർണർ വ്യക്തമാക്കുന്നത്. 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്‌പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബാലാജിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.

ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി ബാലാജി നിലനിർത്തുകയായിരുന്നു എം കെ സ്റ്റാലിൻ. സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് പങ്കിട്ട് നൽകിയ മന്ത്രിസഭാ തീരുമാനം അംഗീകരിക്കാൻ നേരത്തെ ഗവർണർ തയ്യാറായിരുന്നില്ല. കോഴക്കേസിൽ ഇ ഡി നടപടി നേരിട്ട സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.