കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നു; നിർണായക വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷകൻ

വുഹാൻ: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷകൻ. കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുവെന്നാണ് ഗവേഷകന്റെ വെളിപ്പെടുത്തൽ. വുഹാൻ ഗവേഷകനായ ഷാവോ ഷാനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മനുഷ്യൻ ഉൾപ്പെടെള്ള ജീവജാലങ്ങളെ ബാധിക്കുന്ന വൈറസിനെ കണ്ടെത്താൻ തന്നെയും സഹപ്രവർത്തകരെയും അധികൃതർ ചുമതലപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഗവേഷകന്റെ വെളിപ്പെടുത്തൽ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

വീഡിയോ പങ്കുവെച്ചിട്ടുള്ളത് ‘Inconvenient Truths by Jennifer Zeng’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ്. 2021 സെപ്തംബറിലാണ് ഗവേഷകനുമായുള്ള അഭിമുഖം നടത്തിയതെന്നാണ് ഈ വീഡിയോയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. 2019ൽ മേലുദ്യോഗസ്ഥൻ വൈറസിന്റെ നാല് വകഭേദം തന്നു. ഇതിൽ ഏറ്റവും അപകടകാരിയും, വേഗത്തിൽ പടരുന്നതും ഏതാണെന്ന് പരിശോധിക്കാൻ നിർദേശം നൽകിയെന്നും ഗവേഷകൻ വീഡിയോയിൽ പറയുന്നു. കുരങ്ങുകളിലും വവ്വാലുകളിലുമൊക്കെ ഈ വകഭേദങ്ങൾ പരീക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ ചില സഹപ്രവർത്തകരെ 2019 ൽ വുഹാനിൽ നടന്ന മിലിട്ടറി വേൾഡ് ഗെയിംസിനിടെ പെട്ടെന്ന് കാണാതായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ താമസിക്കുന്ന ഹോട്ടലുകളിലേക്ക് അവരുടെ ആരോഗ്യം പരിശോധിക്കാനായിട്ടാണ് തങ്ങളെ അയച്ചതെന്ന് പിന്നീട് ഒരു സഹപ്രവർത്തകൻ വെളിപ്പെടുത്തി. ആരോഗ്യപരിശോധന നടത്താൻ എന്തിനാണ് വൈറോളജിസ്റ്റുകളെ അയക്കുന്നതെന്ന് ഗവേഷകൻ ചോദിക്കുന്നു. ഇവരെ അയച്ചത് കായിക താരങ്ങൾക്ക് വൈറസ് പടർത്താനാകാമെന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.