ന്യൂഡൽഹി: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജിയിൽ കക്ഷി ചേരാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി സംസ്ഥാന ബാലാവകാശ കമ്മിഷൻ. കേരളത്തിൽ തെരുവുനായ ആക്രമണം വർധിച്ചുവരികയാണെന്നാണ് കമ്മിഷൻ വ്യക്തമാക്കുന്നത്. അപകടകാരികളായ നായകളെ കൊന്നൊടുക്കണമെന്നും കമ്മിഷൻ നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്.
സംസ്ഥാനത്ത് 2019 ൽ 5794 തെരുവുനായ ആക്രമണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. 2020ൽ 3951 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ 2021 ൽ 7927 കേസുകളും 2022ൽ 11,776 കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 ജൂൺ 19 വരെയുള്ള കണക്ക് അനുസരിച്ച് 6276 തെരുവു നായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കമ്മിഷൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് കമ്മിഷൻ മുന്നോട്ടുവെയ്ക്കുന്നത്. തെരുവു നായ്ക്കൾ പൊതു സുരക്ഷയ്ക്കു ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നുവെന്നുംതെരുവുനായ്ക്കൾ രോഗം പരത്തുന്നുണ്ടെന്നും കമ്മിഷൻ അറിയിച്ചു.

