ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡിനെ എതിർക്കില്ല; ആശങ്ക എന്തിനെന്ന് മനസിലാകുന്നില്ലെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡിനെ എതിർക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഏക സിവിൽ കോഡിൽ ആശങ്ക എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിലുള്ള കോടതി വിധികൾ രാജ്യത്ത് ഏക സിവിൽ നിയമം ഉണ്ടാകണം എന്നത് വ്യക്തമാക്കുന്നു. മുസ്ലിം സമുദായത്തിന്റെ ആശങ്കകൾ ഉപയോഗിച്ചുകൊണ്ട് കോൺഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന തെറ്റിദ്ധാരണ പരത്താൻ സിപിഎമ്മും കോൺഗ്രസും ശ്രമം നടത്തുകയാണ്. മുത്തലാക്ക് നിരോധിച്ചപ്പോഴും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടന്നു. മുത്തലാക്ക് നിരോധിച്ചതിലൂടെ രാജ്യം മുഴുവനുമുള്ള മുസ്ലിം സ്ത്രീകൾക്ക് ഗുണമാണ് ഉണ്ടായതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.