പാലക്കാട്: മുതിർന്ന നേതാവ് പി കെ ശശിക്കെതിരെ നടപടിയുമായി സിപിഎം. പി കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണ് ഇത്തരമൊരു നടപടി പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വി കെ ചന്ദ്രനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. വി കെ ചന്ദ്രനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.
അതേസമയം, ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പി കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട് സ്വീകരിക്കുന്നതാണ്.
ശശിക്കെതിരെ അന്വേഷണ കമ്മീഷൻ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പി കെ ശശിയിൽ നിന്നും വിശദീകരണം തേടാൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പി കെ ശശിയ്ക്ക് എതിരെ ആദ്യം ഉയർന്ന ആരോപണം. 5 കോടി 49 ലക്ഷം രൂപയാണ് വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ധനസമാഹരണം. പിന്നീടും ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചു. മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന ആരോപണവും പി കെ ശശിക്കെതിരെയുണ്ട്.

