ലൈഫ് മിഷൻ; കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലെന്ന് സ്വപ്ന

കൊച്ചി: ലൈഫ് മിഷൻ കരാർ അട്ടിമറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലാണ് ലൈഫ് മിഷൻ കരാർ അട്ടിമറിച്ചതെന്ന് സ്വപ്‌നാ സുരേഷ് മൊഴി നൽകി. ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്‌നയുടെ മൊഴി വിശദമാക്കിയിട്ടുള്ളത്. കൗൺസൽ ജനറലിടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്ന് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളെല്ലാം നടന്നത്. മുഖ്യമന്ത്രിക്കൊപ്പം ചർച്ചയിൽ കോൺസൽ ജനറലും എം ശിവശങ്കറും താനും പങ്കെടുത്തിരുന്നു. 2019 ലാണ് ധാരണാപത്രം ഒപ്പുവച്ചത്. വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയത്തിനൊപ്പം അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുളള ആശുപത്രി കൂടി പണിയാനായിരുന്നു തീരുമാനിച്ചിരുന്നത്.

പൂർണമായും സംസ്ഥാന സർക്കാരിനായിരിക്കും പദ്ധതി നിർവഹണ ചുമതല എന്നതായിരുന്നു ധാരണാപത്രം. അതായത് കരാറുകാരെ കണ്ടെത്തുന്നതും നിർമാണപൂർത്തീകരണവും അടക്കം എല്ലാം സർക്കാരിന്റെ മേൽനോട്ടത്തിലായിരുക്കും. റെഡ് ക്രസന്റ് നൽകുന്ന പണം സർക്കാർ ഏജൻസികൾക്ക് കൈമാറുക എന്നത് മാത്രമായിരുന്നു യുഎഇ കോൺസുലേറ്റിൻറെ ചുമതല. എന്നാൽ ധാരണാപത്രം ഒപ്പിട്ടതിന്റെ പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽ രാത്രി 7.30 ന് സ്വകാര്യയോഗം ചേർന്നുവെന്നാണ് സ്വപ്‌ന നൽകിയിരിക്കുന്ന മൊഴി.

ധാരണാപത്രം പാടേ അട്ടിമറിച്ച് ടെൻഡർ പോലും വിളിക്കാതെ കരാറുകാരെ തെരഞ്ഞെടുക്കാൻ കോൺസൽ ജനറലിനെ ചുമതലപ്പെടുത്തി. കോൺസൽ ജനറൽ അടക്കമുളളവർക്ക് പദ്ധതിയിൽ നിന്നുളള കമ്മീഷൻ അടിച്ചുമാറ്റായിരുന്നു ഇതെല്ലാമെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത്. കേരളത്തിലെ സംവിധാനമനുസരിച്ച് പദ്ധതി നിർവഹണച്ചുമതല സർക്കാർ ഏറ്റെടുത്താൽ കോൺസൽ ജനറൽ അടക്കമുളളവർക്ക് കമ്മീഷൻ കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായും സ്വപ്‌ന വ്യക്തമാക്കിയതായി കുറ്റപത്രത്തിൽ വിശദമാക്കുന്നു.