ഇന്ത്യയുടെ അർധചാലക ചിപ്പുകളുടെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും

അര്‍ധചാലക ചിപ്പുകളുടെ നിർമ്മാണം അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയിൽ ആരംഭിക്കും. അമേരിക്കന്‍ കമ്പനിയായ മൈക്രോണ്‍ ടെക്നോളജിയാണ് ചിപ്പുകൾ നിമ്മിക്കുക. ഗുജറാത്തിലെ സാനന്ദില്‍ ആണ് ചിപ്പുകൾ നിർമ്മിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കുക. 2024 ഡിസംബറില്‍ ചിപ്പുകളുടെ നിര്‍മാണം തുടങ്ങുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. സന്ദര്‍ശനവേളയിലാണ് ഇന്ത്യയില്‍ ചിപ്പുകള്‍ നിര്‍മിക്കാന്‍ അര്‍ധചാലക നിര്‍മാണരംഗത്ത് ലോകത്തിലെ അഞ്ചു മുന്‍നിര കമ്പനികളിലൊന്നാണ് മൈക്രോണ്‍ ടെക്നോളജിയുമായി ധാരണയായത്. നാല് പതിറ്റാണ്ടായി അർദ്ധചാലക ചിപ്പ് നിർമ്മിക്കുവാൻ ഇന്ത്യ ശ്രമങ്ങൾ തുടങ്ങിയിട്ട്.

ആഗോളതലത്തില്‍ 54 ശതമാനം അര്‍ധചാലക ചിപ്പുകളും നിര്‍മിക്കുന്നത് തയ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിയാണ് (ടി.എസ്.എം.സി.). ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങാണ് 17 ശതമാനം നിര്‍മാണത്തോടെ രണ്ടാംസ്ഥാനത്ത്. ചിപ്പ് നിര്‍മാണത്തിന്റെ 63 ശതമാനവും തയ്വാന്‍ കമ്പനികളാണ്. ഇലക്ട്രോണിക് ഉത്പന്നങ്ങളിലും വാഹനങ്ങളിലുമെല്ലാം അവശ്യഘടകമായി മാറിയ അര്‍ധചാലക ചിപ്പുകള്‍ നിര്‍മിക്കാന്‍ വന്‍ മൂലധനച്ചെലവും അതിസങ്കീര്‍ണമായ സാങ്കേതികവിദ്യയും ആവശ്യമാണ്.