പനി ഉണ്ടായാൽ നിർബന്ധമായും ഡോക്ടറുടെ സേവനം തേടണം: ആരോഗ്യമന്ത്രി

പത്തനംതിട്ട: പനിയുണ്ടായാൽ സ്വയം ചികിത്സ പാടില്ലെന്നും നിർബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂൾ അസംബ്ലികൾ ആരോഗ്യ അസംബ്ലികളായി നടത്തുന്നതിന്റെ ഭാഗമായി മെഴുവേലി ചന്ദനക്കുന്ന് ഗവ. യുപി സ്‌കൂളിൽ നടന്ന ആരോഗ്യ അസംബ്ലിയിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മഴക്കാല പകർച്ച വ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവൽക്കരിക്കുന്നതിനായാണ് സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലികൾ നടത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികൾ മാതാപിതാക്കളേയോ അധ്യാപകരേയോ അറിയിക്കണം. കൊതുകജന്യ രോഗങ്ങളായ ഡെങ്കിപ്പനി, സിക്കാ വൈറസ് പനി, എലിപ്പനി, ഇൻഫ്‌ളുവൻസ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. വീട്ടുവളപ്പിൽ ജലം കെട്ടികിടക്കാൻ സാധ്യത ഉള്ള ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നീക്കം ചെയ്ത് ഉറവിട നശീകരണത്തിലൂടെ ഡെങ്കിപ്പനിയുടെ വ്യാപനം തടയാൻ കഴിയും.
മണ്ണ്, ചെളി, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയുമായി സമ്പർക്കം വരുമ്പോൾ ശരീരത്തിലെ മുറിവുകളിലൂടെയാണ് എലിപ്പനിയുടെ രോഗാണു ഉള്ളിൽ പ്രവേശിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കണം. വായുവിൽ കൂടെ പകരുന്ന ഇൻഫ്‌ളുവൻസ പോലുള്ള രോഗങ്ങൾ ഒഴിവാക്കാൻ മാസ്‌ക് ഉപയോഗിക്കണം. വീടുകളിൽ രക്ഷിതാക്കളോടൊപ്പവും സ്‌കൂളുകളിൽ അധ്യാപകരോടൊപ്പവും കുട്ടികൾക്ക് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.

ഡയേറിയ പോലുള്ള ജലജന്യ രോഗങ്ങളെ തടയുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിളികൾ, വവ്വാലുകൾ തുടങ്ങിയവ കഴിച്ചതിന്റെ ബാക്കി മാങ്ങാ, പേരയ്ക്ക പോലുള്ള പഴങ്ങൾ കഴിക്കരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ ആരോഗ്യത്തിന്റെ അംബാസിഡർമാരാണെന്നും മുതിർന്നവരെ കൂടി ബോധവൽക്കരിക്കേണ്ടത് കുഞ്ഞുങ്ങളാണെന്നും മന്ത്രി ഓർമിപ്പിച്ചു.