കോൺഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കിൽ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി; കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ. കോൺഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കിൽ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. വൻ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും അദ്ദേഹം വിമർശിച്ചു.

കെപിസിസി അധ്യക്ഷസ്ഥാനത്ത് കെ സുധാകരൻ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസിന് തന്നെയാണ്. അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയില്ലെന്ന സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിന്റെ അണികളോട് കാണിക്കുന്ന ധിക്കാരമാണ്. എന്നാൽ കെപിസിസി അധ്യക്ഷ പദവിയിൽ മുൻപ് ഉണ്ടായിരുന്ന നേതാക്കന്മാർ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസിനെ നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവാണ് അധ്യക്ഷസ്ഥാനം ഒഴിയേണ്ടെന്ന് പറഞ്ഞത്. എന്നാൽ അദ്ദേഹം സമാനമായ ഒരു അഴിമതി കേസിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുവരും തമ്മിലുള്ള പരസ്പര ധാരണ തട്ടിപ്പും അഴിമതിയുമുണ്ടെങ്കിൽ കോൺഗ്രസിൽ നേതാവാകാമെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.