കണ്ണൂർ: കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് രാജി സംബന്ധിച്ച തീരുമാനം മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.
കേസിൽ പ്രതിയായതുകൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനമെന്നും കെ സുധാകരൻ അറിയിച്ചു.
അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന് എ കെ ബാലൻ ആരോപിച്ചിരുന്നു. പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിർത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിലെ ഉൾപ്പാർട്ടി പോരാണ് തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നിലുള്ളത്. കോൺഗ്രസിലെ ഗ്രൂപ്പുകൾ നേരത്തെ കെ സുധാകരന് മുന്നറിയിപ്പ് നൽകിയത് ഓർമിക്കണം. അഞ്ച് നേതാക്കളാണ് കോൺഗ്രസിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ കേസിനു പിന്നിലും കോൺഗ്രസ്സുകാരാണെന്നും എ കെ ബാലൻ അഭിപ്രായപ്പെട്ടു.

