ന്യൂഡൽഹി: തമിഴ്നാട് വനത്തിലുള്ള അരിക്കൊമ്പന് മേൽ ഇനിയും മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അനിമൽ സംഘടന സുപ്രീം കോടതിയിൽ ഹർജി നൽകി. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാൻ സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
ഒന്നിലധികം തവണ അരിക്കൊമ്പന് മയക്കുവെടിയേറ്റിട്ടുണ്ട്. ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. അരിക്കൊമ്പന്റെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്ന് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ പറയുന്നു.
അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ആനത്താരകളേക്കുറിച്ചും ആനകൾ കഴിയുന്ന പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെയ്ക്കുന്നു. അരിക്കൊമ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിർദേശിക്കണമെന്നും നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സർക്കാരുകളോട് തേടണമെന്നും ഹർജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

