യുഎസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി; ഇന്ത്യയോടൊപ്പം വളരാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു

വാഷിംങ്ടൻ: യുഎസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം അമേരിക്കയിൽ നിന്നും മടങ്ങിയത്. അമേരിക്കൻ സന്ദർശനത്തിനിടെ നിരവധി പ്രമുഖ വ്യക്തികളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ പ്രമുഖരായ ഇന്ത്യക്കാരെ ഉൾപ്പെടുത്തി വാഷിങ്ടൻ കെന്നഡി സെന്ററിൽ നടന്ന അത്താഴവിരുന്നിൽ ഇന്ത്യയോടൊപ്പം ചേർന്ന് ഇന്ത്യയോടൊപ്പം വളരാൻ മോദി മറ്റു രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ലോക രാജ്യങ്ങളിൽ സാമ്പത്തിക നിലയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്താൻ അധിക ദൂരം വേണ്ടിവരില്ലെന്നും. ഏറെ ദൂരത്തല്ലാതെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താനുള്ള കഴിവുള്ളതായി സാമ്പത്തിക വിദഗ്ധനും സിസ്‌കോ കമ്പനി മുൻ ചെയർമാനുമായിരുന്ന ജോൺ ചേമ്പേഴ്‌സ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

അമേരിക്കൻ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ചർച്ച ചെയ്തു. ബോയിങ്, ആമസോൺ, ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ സിഇഒമാർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

രേവതി അദ്വൈതി (സിഇഒ, ഫ്ലക്സ്), സാം ആൾട്ട്മാൻ (സിഇഒ, ഓപ്പൺ എഐ), മാർക് ഡഗ്ലസ് (പ്രസിഡന്റ് ആൻഡ് സിഇഒ, എഫ്എംസി കോർപറേഷൻ), ലിസ സു (സിഇഒ എഎംഡി), വിൽ മാർഷൽ (സിഇഒ, പ്ലാനറ്റ് ലാബ്സ്), സത്യ നാദെല്ല (സിഇഒ, മൈക്രോസോഫ്റ്റ്), സുന്ദർ പിച്ചൈ (സിഇഒ, ഗൂഗിൾ), ഹേമന്ദ് തനേജ (സിഇഒ, ജനറൽ കാറ്റലിസ്റ്റ്), സുനിത വില്യംസ് (നാസ ബഹിരാകാശ യാത്രിക) തുടങ്ങിയവരാണ് കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തത്. ഇന്ത്യൻ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖിൽ കാമത്ത്, വൃന്ദ കപൂർ തുടങ്ങിയവരുമായും പ്രധാനമന്ത്രി ചർച്ച നടത്തി.

അമേരിക്കൻ സെമികണ്ടക്ടർ കമ്പനിയായ അപ്ലൈഡ് മെറ്റീരിയൽസ് അടുത്ത നാലു വർഷത്തിനുള്ളിൽ 400 മില്യൻ ഇന്ത്യയിൽ മുതൽ മുടക്കും. ഇന്ത്യ ഏറെക്കാലമായി നോക്കിയിരുന്ന സമുദ്ര സംരക്ഷണത്തിനുള്ള സീ ഗാർഡിയൻ ഡ്രോൺസ് എംക്യൂ-9 ബി ഇന്ത്യയ്ക്ക് ലഭ്യമാവുകയും ചെയ്യും.