സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. 2018 മുതൽ മോൻസണും കെ. സുധാകരനും തമ്മിൽ 12 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോൻസൺ അറസ്റ്റിലാവുന്നതു വരെ ഇത് തുടർന്നുവെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.

അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് സുധാകരൻ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. താൻ പണം കൈപ്പറ്റിയിട്ടില്ലെന്നും സുധാകരൻ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് കെ സുധാകരൻ. കളമശേരിയിലെ ഓഫീസിൽ നടന്ന ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനൊടുവിലാണ് കെ സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രാവിലെ 11 മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കെ സുധാകരനെ വിട്ടയച്ചു.