വാഷിങ്ടൺ: അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദ്യമായ സ്വീകരണമാണ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി ബൈഡൻ പ്രത്യേക വിരുന്ന് വൈറ്റ് ഹൗസിൽ ഒരുക്കിയിരുന്നു. ബിസിനസ്, ടെക്, ഫാഷൻ, വിനോദം എന്നീ മേഖലകളിലെ പ്രമുഖ ഇന്ത്യൻ, അമേരിക്കൻ വ്യക്തികളും വിരുന്നിൽ പങ്കാളികളായി. ഡിസൈനർ റാൽഫ് ലോറൻ, ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗ്, സുന്ദർ പിച്ചൈ, ഭാര്യ അഞ്ജലി പിച്ചൈ എന്നിവരുൾപ്പെടെയുള്ളവർ വിരുന്നിന്റെ ഭാഗമായി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും സീറോദ സഹസ്ഥാപകൻ നിഖിൽ കാമത്തും ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ പ്രമുഖരും വൈറ്റ് ഹൗസിലെ വിരുന്നിൽ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർ കിംഗ് III, ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗ്, ചലച്ചിത്ര നിർമ്മാതാവ് മനോജ് നൈറ്റ് ശ്യാമളൻ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, ഗ്രാമി അവാർഡ് ജേതാവ് ജോഷ്വ ബെൽ, സംരംഭകൻ ഫ്രാങ്ക് ഇസ്ലാം തുടങ്ങിയവരും വിരുന്നിൽ ഉണ്ടായിരുന്നു.
പ്രമീള ജയപാൽ, ശ്രീ താനേദാർ, റോ ഖന്ന, അമി ബേര, രാജാ കൃഷ്ണമൂർത്തി തുടങ്ങിയവരും ഹണ്ടർ ബൈഡൻ, ആഷ്ലി ബൈഡൻ, ജെയിംസ് ബൈഡൻ, നവോമി ബൈഡൻ നീൽ എന്നിവരും വിരുന്നിൽ പങ്കുചേർന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരും യുഎസ് നയതന്ത്രജ്ഞരും വിരുന്നിന്റെ ഭാഗമായി.

