എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഗണേഷ് കുമാർ

കൊല്ലം: എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഗണേഷ് കുമാർ. ജി സുകുമാരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തേക്ക് എത്തിയത്. വൈക്കം സത്യാഗ്രഹ ശതാബ്ധി ആഘോഷത്തിൽ നിന്നും എൻഎസ്എസ് വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ ഗണേഷ് കുമാർ ജി സുകുമാരൻ നായരെ പിന്തുണച്ചിരുന്നു. താഴ്ന്ന ജാതിക്കാർക്കു വേണ്ടി അമ്മ മഹാറാണിയെ കണ്ടത് മന്നത്ത് പത്മനാഭൻ ആയിരുന്നുവെന്നായിരുന്നു ഗണേഷ് കുമാർ വ്യക്തമാക്കിയത്.

മന്നത്ത് പത്മനാഭനെ മറന്നുള്ള സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടി ശരിയല്ല. താഴ്ന്ന ജാതിക്കാർക്ക് വേണ്ടി അമ്മ മഹാറാണിയെ കണ്ടത് മന്നത്ത് പത്മനാഭൻ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലം വാളകം പൊടിയാറ്റുവിള ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഗണേഷ് കുമാർ ഇക്കാര്യം അറിയിച്ചത്.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം അന്വേഷിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ വിളിച്ചിരുന്നു. സുകുമാരൻ നായരുടെ വിശദീകരണം ശരിയാണ്. എൻഎസ്എസ് ഒരിക്കലും ഭരണകക്ഷിക്കോ ആഘോഷം നടത്തുന്നവർക്കോ എതിരല്ലെന്നും അദ്ദേഹം അറിയിച്ചു. ശ്രീനാരായണ ഗുരു സംസ്ഥാനത്ത് ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നായന്മാരാണ് ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത്. ക്ഷേത്രത്തിൽ പൂജ നടത്താൻ തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന നമ്പൂതിരിമാർ പിന്നീട് നായന്മാരെ അടിമകളാക്കി. വൈക്കം സത്യഗ്രഹത്തിന് മുൻപ് തന്നെ ചങ്ങനാശേരിയിലെ കുടുംബ ക്ഷേത്രം പട്ടികജാതിക്കാർക്ക് മന്നത്ത് പത്മനാഭൻ തുറന്നു കൊടുത്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊട്ടുകൂടായ്മ നിലനിന്ന കാലത്ത് മന്നത്തിന്റെ അമ്മ നടത്തിയ സാമൂഹ്യ ഇടപെടലുകളെ കുറിച്ചും ഗണേഷ് കുമാർ പരിപാടിയിൽ സംസാരിച്ചിരുന്നു.

സർക്കാരിനെതിരെയും പല തവണ ഗണേഷ് കുമാർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.