പ്രതിഷേധം ശക്തം; ഹോളി നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: ഹോളി നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ച് പാകിസ്താൻ. പാകിസ്താനിലെ സർവകലാശാലകളിൽ പ്രതിഷേധം ശക്തമായതോടെയാണ് വിജ്ഞാപനം പിൻവലിക്കാൻ തീരുമാനിച്ചത്. പാകിസ്താൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ (എച്ച്ഇസി) ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ക്വായിദ്-ഇ-അസം സർവകലാശാലയിലെ വിദ്യാർത്ഥികൾ ക്യാമ്പസിൽ ഹോളി ആഘോഷിച്ചതിന്റെ വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് ഹോളി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ പുറത്തിറക്കിയത്. ഹോളി ന്യൂനപക്ഷ ഹിന്ദുക്കളുടെ ആഘോഷമാണെന്നും അത് ആഘോഷിക്കുന്നത് ഇസ്ലാമിക വ്യക്തിത്വം തകരുന്നതിന് കാരണമാകുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‘സാമൂഹ്യ-സാംസ്‌കാരിക മൂല്യങ്ങൾ’ സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളെ ഇത്തരം ആഘോഷങ്ങളിൽ നിന്ന് വിലക്കുന്നതായും യൂണിവേഴ്സിറ്റികൾ ഇസ്ലാമികതയിൽ നിന്നും പിന്നോട്ട് പോകരുതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹോളി ന്യൂനപക്ഷ ഹിന്ദുക്കളുടെ മാത്രം ആഘോഷമാണ്. അതിൽ പങ്കെടുക്കുന്നത് യുവാക്കൾ മതത്തിൽ നിന്നും അകന്നു പോകാൻ കാരണമാകും. പാകിസ്താന്റെ സംസ്‌കാരവും പൈതൃകവും നിലനിർത്താതൻ ഇത്തരം ആഘോഷങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ വിശദമാക്കിയിരുന്നു.

ഹിന്ദുക്കളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമിനെതിരായി ചിന്തിക്കാൻ ഇടയാക്കും.അതിനാൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോളി പോലുള്ള അനിസ്ലാമികമായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടില്ല. കൂടാതെ അത്തരം ആഘോഷങ്ങളിൽ വിദ്യാർത്ഥികൾ ഒരു തരത്തിലും പങ്കെടുക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ഈ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്നാണ് ഉത്തരവ് പിൻവലിച്ച് വിജ്ഞാപനം പുറത്തിറക്കാൻ അധികൃതർ തീരുമാനിച്ചത്.