വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത് തടയാൻ ഡി ജി ലോക്കർ സംവിധാനം ഉപയോഗിക്കും; വൈസ് ചാൻസലർ

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ കേരളാ സ,ർവ്വകലാശാല. ഇതിനായി ഡി ജി ലോക്കർ സംവിധാനം ഉപയോഗിക്കാനാണ് കേരള സർവകലാശാലയുടെ തീരുമാനം. വൈസ് ചാൻസലർ ഡോ മോഹൻ കുന്നുമ്മലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം കണ്ടെത്താനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റ് സർവകലാശാലകളിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളേജുകൾക്കാണ്. അങ്ങനെയാണ് സർവകലാശാല ചട്ടത്തിലും വ്യക്തമാക്കുന്നത്. ഇത്രയും കാലം സർട്ടിഫിക്കറ്റുകൾ കൃത്യമാണോയെന്ന് പരിശോധിക്കുന്നതിൽ കർശന ഇടപെടൽ നടന്നിട്ടില്ല. അതിനാൽ സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽമാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ചട്ടം കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് കോളേജുകൾക്കും സർവകലാശാലയ്ക്കും പരിമിതിയുണ്ട്. അതിനാൽ തന്നെ ഏതെങ്കിലും വിദ്യാർത്ഥി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റിൽ പ്രഥമദൃഷ്ട്യാ തന്നെ സംശയം തോന്നിയാൽ അക്കാര്യം സർവകലാശാലയെ അറിയിക്കണം. വ്യക്തികളാണ് വ്യാജ രേഖ സൃഷ്ടിക്കുന്നത്, അല്ലാതെ രാഷ്ട്രീയ സംഘടനകൾ അല്ല. ക്യാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉള്ളത് കൊണ്ടല്ല വ്യാജ രേഖയുണ്ടായത്. നിഖിലിന്റെ പി ജി പ്രവേശനത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളിൽ ആർക്കെങ്കിലും ബന്ധമുണ്ടോ എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.